കൊച്ചി: തൊടുപുഴയില്‍ ലോക കപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം കണ്ടുനിന്നവര്ക്കെതിരേ അതിക്രമം കാട്ടിയെന്നാരോപിച്ച് പോലീസിനുനേരേ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുത്തതില്‍ കഴമ്പില്ലെന്നു കണ്ടാല്‍ എഴതിത്തള്ളുമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
തത്കാലം ആരെയും അറസ്റ്റ് ചെയ്യില്ലെന്നും വ്യക്തമാക്കി. പ്രതിചേര്‍ത്തവരെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ജസ്റ്റീസ് സി.എസ്. ഡയസ് നിര്‍ദേശവും നല്കി.
യുവധാര സ്പോര്‍ട്സ് ക്ലബ് തൊടുപുഴ മങ്ങാട്ടുകവല മുനിസിപ്പല്‍ ബസ്സ്റ്റാൻഡ് പരിസരത്തു നടത്തിയ ലൈവ് ഷോ തടസപ്പെടുത്തിയ സബ് ഇന്‍സ്പെക്ടറുടെയും സിവില്‍ പോലീസ് ഓഫീസറുടെയും നടപടിയില്‍ പ്രതിഷേധിച്ച 208 പേര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണു കോടതി നിര്‍ദേശം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.എസ്. ശരത്തും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.